Thursday 22 March 2012

താഴത്തങ്ങാടി ബസ്‌ ദുരന്തത്തിന് രണ്ടു വയസ്




മാര്‍ച്ച് 24 കോട്ടയം ജില്ലയില്‍ കോട്ടയം-കുമരകം റൂട്ടില്‍ താഴത്തങ്ങാടി ആറ്റില്‍ ബസ്‌ മറിഞ്ഞിട്ടു ഇപ്പോള്‍ രണ്ടു വര്ഷം .....പതിനൊന്നു  പേരുടെ മരണത്തിന് ഇടയാക്കിയ ഈ ബസ്‌ ദുരന്തം കേരള ജനതയുടെ മനസ്സില്‍ ഇന്നും ഒരു കണ്ണീരായി ബാക്കി നില്‍കുന്നു ..അന്ന് കോട്ടയം തിരുനക്കര പകല്‍ പൂരം നടക്കുന്ന ദിവസം കോട്ടയം താഴത്തങ്ങാടിയ്ക്കു സമീപം മീനച്ചിലാറ്റിലെ അറവുപുഴയില്‍ 40 ലധികം യാത്രക്കാരുമായി എത്തിയ ബസ് മീനച്ചിലാറ്റിലേക്ക് മറിഞ്ഞാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നാട്ടുകാരില്‍ ഒരാളും  മരിച്ചു.
കണ്‍മുന്നിലുണ്ടായ അപകടത്തിന്റെ നടുക്കം ഇനിയും വിട്ടുമാറാത്ത നാട്ടുകാര്‍ ദുരന്തഭൂമിയില്‍ അപകടസാധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ക്ഷുഭിതരാണ്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഓരോ ദിനവും നാട്ടുകാര്‍ കഴിച്ചുകൂട്ടുന്നത്. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക്  വന്ന സ്വകാര്യ ബസാണ് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ അപകടത്തില്‍പ്പെട്ടത്. താഴത്തങ്ങാടിയില്‍ റോഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചശേഷം ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. മീനച്ചിലാറ്റില്‍ ഏറ്റവും ആഴമുള്ള സ്ഥലമായ ഇവിടെ 30 അടിയിലേറെ താഴ്ചയിലേയ്ക്കാണ് ബസ് താഴ്ന്ന് പോയത്. അപകടമറിഞ്ഞ ഉടന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ കേന്ദ്രമന്ത്രി ഏ.കെ ആന്റണിയുമായി ബന്ധപ്പെട്ട് നേവിയുടെ സഹായം അടിയന്തിരമായി ലഭ്യമാക്കിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. റോഡിന് ഏറ്റവും വീതി കുറഞ്ഞ സ്ഥലത്താണ് അപകടം സംഭവിച്ചത്. പുഴയുടെ ഏറ്റവും ആഴമേറിയ പ്രദേശത്ത് ബസ് ചളിയില്‍ മുങ്ങിക്കിടന്നതുമൂലം രാത്രി എട്ടുമണിയോടെയാണ് ബസ് കരയ്ക്ക് കയറ്റാന്‍ സാധിച്ചത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ കോട്ടയം കുമ്മനം സ്വദേശി വാലയില്‍ സതീഷ്(42) എന്നയാളാണ് കുഴഞ്ഞുവീണു മരിച്ചത്.കുമരകം ശ്രീ നാരായണ കോളേജിലെ ദിവ്യ എന്നാ പെണ്‍കുട്ടിയും മരിച്ചു

അക്ഷരനഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ദുരന്തഭൂമിയാക്കിയ അപകടം മണിക്കൂറുകളോളം നാടിനെ ആശങ്കയുടെ മുള്‍മുനയിലാക്കി. ദുരന്തഭൂമിയിലേക്കുള്ള ജനക്കൂട്ടത്തിന്റെ ഒഴുക്ക് തടയാന്‍ പോലീസിനും സാധിക്കാതെവന്നതോടെ ദുരന്തഭൂമിയും പരിസരപ്രദേശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ജനക്കൂട്ടം നിയന്ത്രണമേറ്റെടുത്ത അവസ്ഥയിലായിരുന്നു.ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളുമൊക്കെ അപകടസ്ഥലത്ത് എത്തിപ്പെടാന്‍ ഏറെ പണിപ്പെട്ടു. ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെയും ബസ് വെള്ളത്തില്‍നിന്ന് പൊക്കിയെടുക്കാന്‍ കൊണ്ടുവന്ന ക്രെയിനുകളുടെയും മുകളില്‍വരെ ജനക്കൂട്ടം കാഴ്ചക്കാരായി കയറിപ്പറ്റിയപ്പോള്‍ പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. നാടിനെ നടുക്കിയ തേക്കടി ദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പ് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തിനു സമീപം ജലദുരന്തം ആവര്‍ത്തിച്ചത് കോട്ടയത്തെ നടുക്കി. 2009 സെപ്റ്റംബര്‍ 30-ന് ഉച്ചയ്ക്കുശേഷമാണ് രാജ്യത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ദുരന്തം തേക്കടി തടാകത്തില്‍ ഉണ്ടായത്. ബോട്ട് മുങ്ങി 45 പേരുടെ ജീവന്‍ തേക്കടിയിലെ തണുത്തുറഞ്ഞ ആഴക്കയങ്ങളില്‍ പൊലിഞ്ഞപ്പോള്‍ ഇവിടെ ബസ് മുങ്ങിയാണ് ജലദുരന്തം ആവര്‍ത്തിച്ചത്.

തേക്കടിയില്‍ ദുരന്തമുണ്ടായപ്പോള്‍ ആധുനിക സംവിധാനങ്ങളുടെ അഭാവവും ആധുനിക പരിശീലനക്കുറവും ഫയര്‍ഫോഴ്‌സ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസമായപ്പോഴും നാട്ടുകാരാണ് ആഴക്കയങ്ങളില്‍ മുങ്ങി ഒട്ടേറെപ്പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഓരോ ദുരന്തങ്ങളില്‍നിന്നും സര്‍ക്കാര്‍ പാഠമൊന്നും പഠിക്കുന്നില്ലെന്നതിനും പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കാകുന്നുവെന്നതിനും പിന്നീടുണ്ടായ ദുരന്തങ്ങള്‍ തന്നെ സാക്ഷ്യം. പിന്നീടുണ്ടായ ചാലിയാര്‍, കണമല, കരുനാഗപ്പള്ളി, താഴത്തങ്ങാടി ദുരന്തത്തിലും സര്‍ക്കാര്‍ അനാസ്ഥയും കാര്യക്ഷമതയില്ലായ്മയും വീണ്ടും ആവര്‍ത്തിച്ചത് ജനങ്ങള്‍ക്ക് മുന്നില്‍ ഇത്തരം സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ  തകര്‍ത്തു. ഏത് അപകടമുണ്ടായാലും ഉടനടി എണ്ണയിട്ട യന്ത്രം കണക്കേ പ്രവര്‍ത്തനസജ്ജമാകത്തക്ക രീതിയില്‍ ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനം പുന:സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ഉണ്ടായെങ്കിലും ഈ സംവിധാനങ്ങളൊക്കെതന്നെ ക്രൈസിസിലാകുന്നതാണ് ഓരോ ദുരന്തങ്ങളിലും കണ്ടത്.

രണ്ടുമണിക്കുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്‌സിന് മുങ്ങല്‍വിദഗ്ധരില്ലാതെ വന്നത് ജനങ്ങളുടെ രോഷത്തിനു മാത്രമല്ല ഭരണസംവിധാനത്തിനു തന്നെ നാണക്കേടുമായി. അതേസമയം ദുരന്തമറിഞ്ഞ് സംഭവസ്ഥലത്ത് കുതിച്ചെത്തിയ നേവിയുടെ സംഘത്തിന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നതിനുള്ള സാഹചര്യമൊരുക്കുന്നതില്‍ പോലും ഭരണസംവിധാനം അമ്പേ പരാജയപ്പെടുകയായിരുന്നു. 3.30-ന് മൂന്ന് ഹെലികോപ്ടറുകളിലായെത്തിയ നേവി സംഘം അപകടസ്ഥലത്ത് ഇറങ്ങാന്‍ സൗകര്യമൊരുക്കാത്തതിനെതുടര്‍ന്ന് അരമണിക്കൂറിലേറെ ആകാശത്ത് വട്ടമിട്ട് പറക്കേണ്ടിവന്നു. അപകടം നടന്ന സ്ഥലത്ത് റോഡിന്  വീതി വര്‍ദ്ധിപ്പിക്കണമെന്നും മീനച്ചിലാറിന് സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്നും  അപകടത്തെ തുടര്‍ന്ന് സര്‍ക്കാരിന സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍  ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ..പക്ഷെ ഈ അപകടത്തിനു രണ്ടു വയസ ആവുമ്പോള്‍ ആണ് കേരള സര്‍ക്കാര്‍ മീനച്ചില്‍ ആറിന്റെ തീരം മുഴുവന്‍ പുതിയ സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ആരംഭിച്ചത് ഇപ്പോള്‍ ഒരു 90 ശതമാനവും പണി പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു ...അതുകൊണ്ട് പുതിയ കേരള സര്‍ക്കാരിനു എന്‍റെ പറഞ്ഞാല്‍ തീരാത്ത നന്ദി അറിയിച്ചു കൊള്ളുന്നു