Monday, 27 February 2012

ഫേസ് ബുക്കില്‍ പുതുതായി എത്തുന്നവര്‍ക്.......






 ഫേസ്‌ബുക്കില്‍ പുതുതായി എത്തുന്ന എല്ലാവരുടെയും ആഗ്രഹം, നാലാള്‍ അറിയുന്ന ബുക്കനോ ബുക്കിയോ ആവുക എന്നാണല്ലോ. ഇഷ്ടം പോലെ ഫ്രണ്ട്സും കമന്റുമായി ചിലര്‍ വിലസുന്നതു കാണുമ്പോള്‍, അതുപോലെയൊക്കെ ആകണമെന്ന് ആരാ ആശിയ്ക്കാത്തത്? എന്നാല്‍ കളത്തിലിറങ്ങുമ്പോഴാണ് കാര്യങ്ങള്...‍ ഉദ്ദേശിച്ചത്ര എളുപ്പമല്ലെന്നു മനസ്സിലാകുന്നത്. എത്രയൊ...ക്കെ ചിന്തിച്ചുമിനുക്കി നല്ല നല്ല സ്റ്റാറ്റസ് ഇട്ടാലും ആരും തിരിഞ്ഞു നോക്കില്ല. ആരുടെയെങ്കിലുമൊക്കെ സ്റ്റാറ്റസുകളില്‍ കമന്റിട്ടാലോ ഒരു ലൈക്കു പോലും കിട്ടുകയുമില്ല. ഇങ്ങനെ നിരാശപ്പെട്ടിരിയ്ക്കുന്ന പുതു ബുക്കന്‍/ബുക്കിമാര്‍ക്കായി ഇതാ ഒരു സൌജന്യ ഗൈഡ്....







1. “ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ബെസ്റ്റ് ഇമ്പ്രഷന്‍“ എന്നാണല്ലോ. നിങ്ങള്‍ ഒരു “ഫീമെയില്‍“ ആണെങ്കില്‍ ഭാഗ്യവതി, പകുതി അധ്വാ‍നം കുറഞ്ഞു. കാണാന്‍ മോശമല്ലാത്ത ഒരു ഫോട്ടോ, “ഫോട്ടോഷോപ്പി“ലെ “Hue/Saturation“ സെറ്റിംഗ് അഡ്ജസ്റ്റ് ചെയ്തു വെളുപ്പിച്ച് പ്രൊഫൈല്‍ ചിത്രമായി ഇടുക. ഇനി സ്വന്തം ചിത്രം ഇടാന്‍ മടി ആണെങ്കില്‍ ഏതെങ്കിലും നടിയുടെ പടം‍, പുഷ്പങ്ങള്‍, മെഴുകുതിരി, മത്തങ്ങ ഇതൊക്കെ ഇട്ടാലും മതി. അതുപോലെ സ്വന്തം പേരിനൊപ്പം നായര്‍, മേനോന്‍, നമ്പ്യാര്‍, നമ്പൂതിരി, പിഷാരടി, വാര്യര്‍ അങ്ങനെയുള്ള ഏതെങ്കിലും ഒരു വാല്‍ കൂടി ചേര്‍ക്കുന്നത് മൈലേജ് കൂട്ടും. എന്തായാലും പേരിന് ഒരു ഗ്ലാമറും തറവാടിത്തവും ഉണ്ടായിരിയ്ക്കണം.


2. നിങ്ങള്‍ പുരുഷനാണെങ്കില്‍ കുറെ കഷ്ടപ്പെടേണ്ടി വരും. സ്വന്തം ഫോട്ടോ വെച്ചുള്ള കളിയ്ക്ക് വലിയ ഗ്യാരണ്ടിയൊന്നുമില്ല. അത്ര തന്റേടം ഉണ്ടെങ്കില്‍ ശ്രമിച്ചു നോക്കാമെന്നു മാത്രം. പിന്നെ മേല്പറഞ്ഞ ഒരു വാല്‍ കൂടി ഫിറ്റു ചെയ്താല്‍ നന്ന്. ഒരു വെറൈറ്റിയ്ക്ക് വേണമെങ്കില്‍ ജാതിവാല്‍ ആദ്യം ചേര്‍ക്കാവുന്നതാണ്. ഉദാഹരണം നായര്‍ ബിജു, നമ്പൂതിരി ബിജു, നമ്പ്യാര്‍ ബിജു എന്ന പോലെ. ഫീമെയിലുകള്‍ക്കും ഈ വിദ്യ പയറ്റാം. പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടും. (നമ്മള്‍ അല്പം “കൂടിയ“ ഇനമാണെന്ന് മറ്റുള്ളവരെ അറിയിയ്ക്കാനുള്ള എളുപ്പവിദ്യയാണിത്. ) 


3. ഇനി വേണ്ടത് കൂലങ്കഷമായ പരിസരനിരീക്ഷണമാണ്. നിലവില്‍ ആരൊക്കെയാണ് തിളങ്ങി നില്‍ക്കുന്നതെന്ന് കണ്ടുപിടിയ്ക്കുക. അടുത്തപടി അവരുടെ സ്റ്റാറ്റസുകളില്‍ കമന്റെഴുതല്‍. ഇവിടെയും ഫിമെയിലുകള്‍ പെട്ടെന്ന് ശ്രദ്ധിയ്ക്കപെടുമെന്ന് മനസ്സിലാക്കുക. അല്പം പഞ്ചാരയും പൈങ്കിളിയും കലര്‍ത്തി വേണം കമന്റെഴുത്ത്. എന്നാല്‍ പുരുഷഗണത്തിന് അത്ര ഈസിയല്ല കാര്യങ്ങള്‍. സ്റ്റാറ്റസ് ഉടമസ്ഥനെ പരമാവധി പുകഴ്ത്താന്‍ മറക്കാതിരിയ്ക്കുക. ആള്‍ എന്തു പറഞ്ഞാലും അതു ശരിയാണെന്ന് ഉടന്‍ കമന്റെഴുതണം. അങ്ങനെ പലതവണ ആകുമ്പോള്‍ അയാള്‍ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങും. ഒപ്പം അവിടെ കമന്റുന്ന മറ്റുള്ളവരും നിങ്ങളെ ശ്രദ്ധിയ്ക്കും.


4. ഫീമെയിലുകള്‍ ഇടയ്ക്കിടെ സ്വന്തം ഫോട്ടോകള്‍ (മുഖശ്രീ ഉണ്ടെങ്കില്‍ മാത്രം) -- പാറപ്പുറത്ത് നില്‍ക്കുന്നത്, മരക്കൊമ്പില്‍ ഇരിയ്ക്കുന്നത്, സോഫയില്‍ കിടക്കുന്നത്, പല്ലുകാട്ടിച്ചിരിയ്ക്കുന്നത് ക്ലോസപ്പില്‍, അങ്ങനെ പല പോസിലുള്ളത് പോസ്റ്റണം. ആണുങ്ങള്‍ക്കും ആകാം, പക്ഷെ റിസള്‍ട്ടിനു ഗ്യാരണ്ടിയൊന്നുമില്ല.


5. ഇങ്ങനെ ഒരു മാസമെങ്കിലും മുന്നോട്ടുപോയാല്‍ നിങ്ങള്‍ അല്പസ്വല്പം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ടാകും. ഇനി സ്വന്തം സ്റ്റാറ്റസെഴുത്തിലേയ്ക്ക് കടക്കാം. ഇംഗ്ലീഷിലാണെങ്കില്‍ നെറ്റില്‍ തപ്പിയാല്‍ നല്ല വാചകങ്ങള്‍ കിട്ടും. ശ്രദ്ധിയ്ക്കേണ്ടകാര്യം, നമുക്കോ വായിയ്ക്കുന്നവര്‍ക്കോ തീരെ മനസ്സിലാകാത്തത് വേണം തിരഞ്ഞെടുക്കാന്‍ എന്നതാണ്. ധൈര്യമായി പോസ്റ്റുക. അധികം കമന്റൊന്നും വന്നില്ലെങ്കിലും നമ്മളെ പറ്റി ഒരു മതിപ്പുണ്ടാകും. മലയാളമാണെങ്കില്‍ വാരികകളില്‍ നോക്കി നല്ല വാചകങ്ങള്‍ എടുക്കുക. ഇവിടെയും പുരുഷന്മാര്‍ അല്പം ഉഷ്ണിച്ചാലെ ആരെങ്കിലും തിരിഞ്ഞു നോക്കൂ. 


6. അല്പം “ലോ ഫ്ലോറാ“കാന്‍ തയ്യാറുണ്ടെങ്കില്‍ വളരെ പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടാം. ഫീമെയിത്സ് അവരുടെ കുടുംബ-സ്വകാര്യ വിഷയങ്ങള്‍ ഒന്നു സ്റ്റാറ്റസിട്ടു നോക്കൂ.. ബന്ദിനു കല്ലേറു വരുന്നപോലെ കമന്റുകള്‍ പറന്നു വരുന്നതു കാണാം. ഓരോ കമന്റിനും റിപ്ലൈ ഇടണം. ഒന്നും കിട്ടിയില്ലെങ്കില്‍ “ഹി ഹി ഹി.., :-)))“ എന്നിവ ആവശ്യം പോലെ ഉപയോഗിയ്ക്കുക. കമന്റെഴുതുന്നവന് അല്പം ഇക്കിളിയുണ്ടാക്കുന്ന റിപ്ലൈ ഇട്ടുകൊണ്ടിരുന്നാല്‍ അവന്‍ ഒറ്റയ്ക്ക് സെഞ്ച്വറി കടത്തിത്തരും. എന്തായാലും ശരാശരി നൂറു കമന്റ് കിട്ടിയാല്‍ നിങ്ങള്‍ സ്റ്റാറായി എന്നര്‍ത്ഥം. പുരുഷന്മാര്‍ ഈ വിദ്യ പ്രയോഗിച്ചാല്‍ അത്ര ഫലിയ്ക്കില്ല. അവര്‍ ചെയ്യേണ്ടത്, രാഷ്ട്രീയം, മതം, സഹ ബുക്കന്‍/ബുക്കികളെ പറ്റി എന്തെങ്കിലും ഗോസിപ്പ് ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക എന്നതാണ്. എതിര്‍ കക്ഷിക്കാര്‍ ആരെങ്കിലും ചൂണ്ടയില്‍ കൊത്തിയാല്‍ പിന്നെ അവനെ ആവോളം പ്രകോപിപ്പിയ്ക്കുക. ഒപ്പം ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറായ “Mentioning" ഉപയോഗിച്ച് കുറേപ്പേരെ ഇതിലേയ്ക്ക് വലിച്ചിടുകയും വേണം. സംഗതി എല്ലാം ഒത്തുവന്നാല്‍ നൂറു കമന്റ് ഉറപ്പ്. 


7. അല്പം സാഹിത്യ “വാസന” ഉള്ള കൂട്ടത്തിലാണെങ്കില്‍ നോട്ടെഴുത്ത് ആരംഭിയ്ക്കാനുള്ള സമയമാണിത്. ഫീമെയില്‍ ആണെങ്കില്‍ വായില്‍ തോന്നുന്നത് എന്തെങ്കിലുമൊക്കെ എഴുതിവിടുക. “നീ, ഞാന്‍, പ്രണയം, മഴ ‍” എന്നീ വാക്കുകള്‍ ആവശ്യം പോലെ വാരിയിട്ടേക്കണം. നോട്ടില്‍ ആരെയും ടാഗ് ചെയ്യേണ്ട കാര്യമൊന്നുമില്ല. കൂഴച്ചക്കയില്‍ ഈച്ചയാര്‍ക്കുന്നതു പോലെ ആളുകൂടും. പുരുഷന്മാര്‍ക്ക് ഇവിടെയും കാര്യങ്ങള്‍ അല്പം വിഷമമാണ്. എങ്കിലും പറ്റുന്നതു പോലെ ശ്രമിയ്ക്കുക. പ്രണയം, അല്പം സെക്സ്, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഇവയൊക്കെ പരീക്ഷിയ്ക്കാവുന്നതാണ്. ഒരു അന്‍പത് പേരെയെങ്കിലും ടാഗ് ചെയ്യുക. കുറച്ച് പേര്‍ക്ക് മെസേജയയ്ക്കുക, വേണ്ടി വന്നാല്‍ അല്പം ഭീഷണിയുമാകാം “ഞാന്‍ തന്റെ എല്ലാ പോസ്റ്റിലും കമന്റുന്നതല്ലേ, പിന്നെന്താ എന്റെ പോസ്റ്റില്‍ കമന്റാത്തത്” എന്ന മോഡലില്‍. ഒരു വിധപ്പെട്ടവനൊക്കെ വന്നിട്ട് “ഉഗ്രന്‍, സൂപ്പര്‍, കിടിലന്‍” എന്നൊക്കെ പറഞ്ഞിട്ടു പോകും.


8. ഇത്രയൊക്കെ ചെയ്തിട്ടും കാര്യമായ നേട്ടമില്ലാത്ത പുരുഷപ്രജകള്‍ക്ക് (സ്ത്രീകള്‍ ആള്‍റെഡി സ്റ്റാറായിക്കഴിഞ്ഞിരിയ്ക്കും) അവസാനത്തെ ഒരടവുണ്ട്. ഒന്നോ രണ്ടോ ഫേയ്ക്ക് ഫീമെയില്‍ ഐഡികള്‍ ഉണ്ടാക്കുക. മാറി മാറി ലോഗിന്‍ ചെയ്തോ ഒന്നിലധികം കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ “അവരെ“ക്കൊണ്ട് സ്വന്തം സ്റ്റാറ്റസില്‍ കമന്റിപ്പിയ്ക്കുക. ഫീമെയില്‍ ഐഡിയും നമ്മളുമായി ഒരു പഞ്ചാര-സല്ലാപ രീതിയില്‍ വേണം സംഗതി പുരോഗമിയ്ക്കേണ്ടത്. അപ്പോള്‍ പെണ്ണിന്റെ കമന്റ് കണ്ട് കുറേപ്പേര്‍ എത്തും. അവര്‍ക്കും അല്പം പഞ്ചാര വിതറുക. അന്‍പത് കമന്റെങ്കിലും ഷുവര്‍. 


ഇനിയും രക്ഷയില്ലെങ്കില്‍ അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്ത് തൂമ്പയെടുത്ത് പറമ്പില്‍ കിളയ്ക്കുക. ഫേസ്ബുക്ക് കുടുംബംകലക്കിയാണെന്ന് നാലുപേരോട് പറയുക. നിങ്ങള്‍ സ്റ്റാറായി എന്നു തോന്നിയാല്‍ പിന്നെ ചെയ്യേണ്ട ചിലകാര്യങ്ങള്‍ കൂടി പറയട്ടെ: സ്വന്തം പോസ്റ്റില്‍ പോലും കാര്യമായി കമന്റെഴുതരുത്. പെണ്‍‌മണികള്‍ക്കുമാത്രം റിപ്ലൈ കമന്റാം. മറ്റുള്ളവരുടെ പോസ്റ്റില്‍ പോകുകയേ ചെയ്യരുത്, ഫീമെയിത്സിന്റേതൊഴിച്ച്. ആരോടെങ്കിലും “ഹായ്” പറഞ്ഞിട്ട് തിരിച്ചു പറഞ്ഞില്ലെങ്കില്‍ ഭൂകമ്പം ഉണ്ടാക്കുക. അവരറിയട്ടെ നമ്മുടെ വെയിറ്റ്. പെണ്ണാണെന്ന് ഉറപ്പുണ്ടെങ്കിലേ ചാറ്റാന്‍ നില്‍ക്കാവൂ. പലരോടു ചാറ്റുമ്പോള്‍ വിന്‍ഡോ മാറിപ്പോകാതെ സൂക്ഷിയ്ക്കണം .....!!!

No comments: