ഒരു കാലത്ത് കടത്തിണ്ണകളില്‍ നിത്യസന്ദര്‍ശകരായിരുന്ന അങ്ങാടിക്കുരുവികളെ ഇപ്പോള്‍ കാണാനേയില്ല. വംശനാശ ഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. തിരക്കേറിയ ചന്തകളും ഗോഡൗണുകളും റെയില്‍വേ സ്റ്റേഷനുകളുമായിരുന്നു അങ്ങാടിക്കുരുവികളുടെ അഭയകേന്ദ്രങ്ങള്‍.കിളിമൊഴികളാല്‍ അങ്ങാടികളെ ഉണര്‍ത്തിയിരുന്ന ഈ കുഞ്ഞുപക്ഷികളെ അപൂര്‍വമായി മാത്രമേ ഇപ്പോള്‍ കാണൂ. മനുഷ്യരുമായുള്ള അടുപ്പം ഇവയെ മറ്റുപക്ഷികളില്‍ നിന്നു വ്യത്യസ്തമാക്കി. അങ്ങാടികളുടെ സ്വഭാവം മാറിയതോടെ വാസസ്ഥാനം നഷ്ടപ്പെട്ടു. ധാന്യങ്ങളിലെ കീടനാശിനികളും ഇവയെ അങ്ങാടിയില്‍ നിന്നകറ്റി.
മൊബൈല്‍ ടവറുകളിലെ വൈദ്യുത കാന്തിക തരംഗങ്ങളെ നേരിടാനുള്ള കരുത്ത് ഇവക്കില്ല. അങ്ങാടിക്കുരുവികള്‍ കുറച്ചു കൂടി ശാന്തമായ അന്തരീക്ഷം തേടിപ്പോയെന്നാണ് പക്ഷിനിരീക്ഷകരുടെ അഭിപ്രായം. ഇന്ത്യയില്‍ ഏകദേശം ഇരുപത്തിയഞ്ച് വര്‍ഗങ്ങളിലായി ഇവയെ കാണുന്നു.
ലോകത്തില്‍ ഏറ്റവും അധികം പ്രദേശങ്ങളില്‍ കാണുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. യൂറോപ്പിന്റെയും ഏഷ്യയുടെയും മിക്ക ഭാഗങ്ങളിലും ഇവയെ കാണാം. മനുഷ്യരെ പിന്‍തുടര്‍ന്ന് അമേരിക്ക, സബ്-സഹാറന്‍ ആഫ്രിക്ക, ഓസ്ട്രേലിയ മുതലായ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവ എത്തിച്ചേര്‍ന്നു. ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും അറിയപ്പെടുന്നു. മറ്റ് പക്ഷികളെ അവയുടെ കൂടുകളില്‍ നിന്ന് അങ്ങാടിക്കുരുവികള്‍ പുറത്താക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വലുപ്പം, കവിളുകളുടെ നിറം മുതലായ ഗുണങ്ങളെ അടിസ്ഥാനമാക്കി അങ്ങാടിക്കുരുവികളെ തരംതിരിച്ചിരിക്കുന്നു. പശ്ചിമദേശങ്ങളില്‍ കാണപ്പെടുന്ന കുരുവികള്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ളവയെക്കാള്‍ വലിപ്പം കൂടിയവയാണ്. ആള്‍പ്പാര്പ്പുള്ള സ്ഥലങ്ങളില്‍ കൂട്ടമായി കണ്ടുവരുന്ന ഈ പക്ഷിയുടെ പ്രധാന ഭക്ഷണം വിത്തുകളും ധാന്യങ്ങളുമാണ് . ഇവയ്ക്കു പുറമെ പൂക്കളെയും പൂമ്പാറ്റകളെയും ഭക്ഷണമാക്കാറുണ്ട്. എന്നാല്‍ ഷഡ്പദങ്ങളുടെ ലാര്‍വകളാണ് കുരുവിക്കുഞ്ഞുങ്ങളുടെ ഭക്ഷണം.
അങ്ങാടിക്കുരുവിയുടെ വലിപ്പം ശരാശരി 14 മുതല്‍ 16 സെ.മി ആണ്. ആണ്‍പക്ഷിക്ക് കഴുത്തിന്റെ കീഴ്ഭാഗത്ത് വെള്ളയും മാറില്‍ കറുപ്പും നിറമാണുള്ളത്. പിടയ്ക്ക് നരച്ച തവിട്ടുനിറവുമാണ്. സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും. സാധാരണയായി 150 മീ. അധികം ഉയരത്തില്‍ പറക്കാറില്ല. വര്‍ഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും. ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 14 ദിവസമാണ് ഇവയുടെ അടയിരിപ്പുകാലം.
കുരുവികളുടെ കിളികൊഞ്ചല്‍ കേള്‍ക്കാന്‍ അങ്ങാടികള്‍ കാത്തിരിക്കുന്നു. വംശനാശ ഭീഷണിയില്‍ നിന്നു കരകയറാന്‍ അങ്ങാടിക്കുരുവികള്‍ക്കു കഴിയട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ...........