Tuesday 1 May 2012

നരേന്‍ കേരളത്തില്‍

കവടിയാറിലൂടെ 300 കി.മീറ്ററില്‍ കാര്‍ !!!

നഗരവീഥികളെ പ്രകന്പനം കൊള്ളിക്കാന്‍ ഇന്ത്യയുടെ ഏക ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരേന്‍ കാര്‍ത്തികേയന്‍ എത്തുന്നു. സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് ഒാണത്തിന് നഗരത്തില്‍ ഫോര്‍മുല വണ്‍ മെഷീന്‍ ഒാടിക്കുമെന്ന് നരേന്‍ പറഞ്ഞു. ഇതിനായി തന്നെ വന്നുകണ്ട നരേന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പൂര്‍ണ പിന്തുണ നല്‍കി.ഫോര്‍മുല വണ്‍ സര്‍ക്യൂട്ടുകളില്‍ അന്തരീക്ഷത്തിന്‍റെ ഊഷ്മാവുയര്‍ത്തുന്ന യഥാര്‍ത്ഥ റേസ് കാര്‍ തന്നൊയിരിക്കും ഡെമോ ഡ്രൈവിനായി തലസ്ഥാനത്തെത്തുക. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ നരേന്‍ കാറോടിക്കുന്പോള്‍ കേരളത്തില്‍ അത് ചരിത്രമാകും.മോട്ടോര്‍ സ്‌പോര്‍ട്സിനെ പ്രചരിപ്പിക്കുന്നതിനായിട്ടാണ് നരേന്‍ കാര്‍ത്തികേയന്‍ തലസ്ഥാനത്ത് എത്തിയത്. കവടിയാര്‍-വെള്ളയന്പലം ഉള്‍പ്പെടെയുള്ള റോഡുകള്‍, ടെക്‌നോപാര്‍ക്കിനകത്തെ റോഡുകള്‍ തുടങ്ങിയവയാണ് കാറോട്ടത്തിനായി അദ്ദേഹം ഇന്നലെ പരിശോധിച്ചത്. ഒരിക്കല്‍കൂടി തലസ്ഥാനത്തെത്തുമെന്നും റോഡുകളുടെ വിശദപരിശോധന അപ്പോള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടുകളില്‍ മിന്നല്‍പ്പിണര്‍ സൃഷ്ടിക്കുന്ന എച്ച് ആര്‍ ടി ടീമിന്‍റെ മെഷീനായിരിക്കും നരേന്‍ എത്തിക്കുക. 40 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുള്ള റേസ് കാറിന് സ്പീഡ് ബ്രേക്കറുകളുള്ള റോഡില്‍ സഞ്ചരിക്കാന്‍ കഴിയില്ല. കവടിയാര്‍-വെള്ളയന്പലം റോഡാണ് പ്രഥമ പരിഗണനയിലുള്ളത്. 1.2 കിലോമീറ്റര്‍ കാര്യമായ വളവുകളില്ലാത്തതാണ് റോഡ്. പേരൂര്‍ക്കട വരെയാണെങ്കില്‍ 3.2 കിലോമീറ്ററായിരിക്കും. ടെക്‌നോപാര്‍ക്കിലെ റോഡുകളാണ് പരിഗണിക്കുന്നതെങ്കില്‍ ഇവിടെയുള്ള ബന്പുകള്‍ മാറ്റേണ്ടിവരും. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടുകളിലെന്നപോലെ സ്പീഡോമീറ്ററിലെ സൂചി 300 ല്‍ സ്പര്‍ശിക്കണമെങ്കില്‍ 600 മുതല്‍ 800 മീറ്റര്‍ വരെ റോഡിന് നീളം വേണമെന്ന് നരേന്‍ പറഞ്ഞു.നഗരത്തിലെ റോഡുകള്‍ സന്ദര്‍ശിച്ച നരേന്‍ കാര്‍ത്തികേയന്‍ മികച്ച സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. നഗരത്തിലെ റോഡുകള്‍ നല്ലതാണെന്നും ചെന്നൈയുടെയും ബാംഗ്ലൂരിലെയും തിരക്ക് ഇവിടെയിലെ്ലന്നും അദ്ദേഹം പറഞ്ഞു. വെറ്റ് റേസ് ടയറുകളായിരിക്കും തലസ്ഥാനത്ത് ഉപയോഗിക്കുക. മല്‍സരസ്വഭാവമില്ലാത്ത ഡെമോ ഡ്രൈവായതിനാല്‍ ഒരു മെഷീന്‍ മാത്രമായിരിക്കും എത്തിക്കുക. റോഡുകളില്‍ സുരക്ഷാ ബാരിക്കേഡ് കെട്ടിയുള്ള ഡെമോ ഡ്രൈവ് നിലവില്‍ മുംബൈയിലും ഡല്‍ഹിയിലും നടന്നിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡെമോ ഡ്രൈവ് ആയിരിക്കും ഇത്. നരേന്‍ കാര്‍ത്തികേയന്‍റെ വാഗ്ദാനം സര്‍ക്കാര്‍ ആ

ാദത്തോടെ സ്വീകരിക്കുകയാണെന്നും ഒാണക്കാലത്ത് ടൂറിസം വ്യവസായത്തിന് ഇത് കൂടുതല്‍ ഉണര്‍വേകുമെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ഡെമോ ഡ്രൈവിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.സ്പാനിഷ് ടീമായ എച്ച് ആര്‍ ടിയുടെ ഫോര്‍മുല വണ്‍ കാര്‍ ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍മുല വണ്‍ കാറുകളിലൊന്നാണ്. അലൂമിനിയം അലോയ്‌കൊണ്ടുള്ള 2.4 ലീറ്റര്‍ എന്‍ജിനാണ് കാറിലുള്ളത്. 640 കിലോഭാരമുള്ള കാറിന്‍റെ ഷാസി കാര്‍ബണ്‍ഫൈബര്‍കൊണ്ടുള്ളതാണ്. ബ്രേക്കുകള്‍ കാര്‍ബണ്‍ സെറാമിക് കൊണ്ടുള്ളതും. തമിഴ്നാട്ടിലെ അസംഖ്യം എന്‍ജിനിയറിങ്, മെഡിക്കല്‍, മാനേജ്‌മെന്‍റ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉടമസ്ഥരായ പി എസ് ജി കുടുംബത്തിലെ അംഗമാണ് നരേന്‍. അഛന്‍ ജി ആര്‍.കാര്‍ത്തികേയനാണ് പി എസ് ജി ഗ്രൂപ്പിന്‍റെ മാനേജിങ് ട്രസ്റ്റി. കോയന്പത്തൂരില്‍ സ്പിന്നിങ് മില്ലുകളുടെയും കാറ്റാടിപ്പാടങ്ങളുടെയും ഉടമയാണ് നരേന്‍. ടീം ജോര്‍ഡാനുവേണ്ടി 2005 ല്‍ ആണ് നരേന്‍ കാര്‍ത്തികേയന്‍ ഫോര്‍മുല വണ്ണില്‍ അരങ്ങേറ്റം കുറിച്ചത്. കൊച്ചിയിലും ഗുരുവായൂരിലും പലവട്ടം വന്നിട്ടുള്ള നരേന്‍ ആദ്യമായാണ് തലസ്ഥാനത്തുന്നത്.കാറോട്ടത്തിന്‍റെ പ്രാഥമിക രൂപമായ ഗോകാര്‍ട്ടിങ് കേരളത്തിലില്ലാത്തത് ദു:ഖകരമാണെന്ന് നരേന്‍ പറഞ്ഞു. കുട്ടികള്‍ മോട്ടോര്‍സ്‌പോര്‍ട്സിലേക്ക് ആകര്‍ഷിക്കപ്പെടണമെങ്കില്‍ ഗോകാര്‍ട്ടിങ്ങിനായി കേരളത്തില്‍ സര്‍ക്കാറോ സ്വകാര്യവ്യക്തികളോ ട്രാക്ക് സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തായ ജോസ് പൊട്ടംകുളത്തിന്‍റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് നരേന്‍ കാര്‍ത്തികേയന്‍ തലസ്ഥാനത്തെത്തിയത്.